വൈശാഖപൌർണമി ഭാഗം 2 (കഥ)
ഡോക്ടറുടെ മുറിയിൽ
നിന്ന് നാനൂറ്റിനാൽപ്പത്തിനാലാം നമ്പർ മുറിയുടെ സമീപമുള്ള നഴ്സസ് കൌണ്ടറിലേയ്ക്കു
മടങ്ങിച്ചെന്നപ്പോൾ ചീഫ് നഴ്സ് ‘വാതിലിന്മേൽ മുട്ടുക’ എന്ന്
ആംഗ്യം കാട്ടി. ‘ദെയർ ഈസ് എ
നഴ്സ് ഇൻസൈഡ്.’ സദാസമയവും ഒരു
നഴ്സ് പരിചരണത്തിന്നായി രോഗിണിയുടെ കൂടെത്തന്നെയുണ്ട്. രോഗിണിയുടെ ഗുരുതരാവസ്ഥയുടെ
അടയാളം.
നാനൂറ്റിനാൽപ്പത്തിനാലിന്റെ വാതിലിൽ മൃദുവായി മുട്ടി. വാതിൽ മെല്ലെ തുറന്നു. ഒരു നഴ്സ്. അവർ പറഞ്ഞു, സർ, ദസ് മിനിറ്റ് വെയ്റ്റ് കീജിയേഗ. ക്ലീനിംഗ് ഹോരഹാഹെ.
ക്ലീനിംഗ് നടക്കട്ടെ. മറുഭാഗത്തെ ചുമരിൽ ചാരി ഗ്രില്ലിലൂടെ മുംബൈ നഗരത്തെ നോക്കി നിന്നു.
സിഫിലിസ് പകരുന്ന രോഗമാണ്. സെക്കന്ററി സിഫിലിസ് പ്രത്യേകിച്ചും. പൊട്ടിയൊലിയ്ക്കുന്ന പോളങ്ങളിലെ സ്പർശം മാത്രം മതിയാകും, സിഫിലിസ് പകരാൻ. കാമാഠിപുരയിലെ ഇരുളടഞ്ഞ കോണിച്ചുവട്ടിൽ നിന്ന് പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളും തടിപ്പുകളും നിറഞ്ഞ എല്ലിൻകൂടിനെ പഴന്തുണിയോടു കൂടി കോരിയെടുത്തു നെഞ്ചോടു ചേർത്തുപിടിച്ച്, റോഡിലൂടെ ഏറെ ദൂരം നടന്നിരുന്നു. രോഗം പകരുമെന്ന ഭയം തീരെ തോന്നിയിരുന്നില്ല. ഇടയ്ക്കിടെ ശ്വാസം മുഖത്തു തട്ടിയെന്നു തോന്നിയപ്പോഴൊക്കെ ആശ്വാസമാണു തോന്നിയത്: ജീവനുണ്ടല്ലോ. അപ്പോഴൊക്കെ നടപ്പിനു വേഗത കൂടി. ഉടൻ ആശുപത്രിയിലെത്തിയ്ക്കണം.
വിശാഖത്തെ കൈകളിലേന്തി റോഡിലൂടെ നടക്കുമ്പോൾ വിചിത്രമായ മറ്റൊരാശ്വാസവും അനുഭവിച്ചിരുന്നു.
ചെന്നു വിളിച്ചാലുടൻ വിശാഖം ഇറങ്ങിവരുമോ എന്ന സംശയമുണ്ടായിരുന്നു. ചുവന്നതെരുവിൽ നിന്നൊരു മോചനം കാംക്ഷിയ്ക്കാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ നോക്കുമ്പോൾ അവിടുത്തെ ഏത് അന്തേവാസിയും ഉടൻ ഇറങ്ങി വരേണ്ടതാണ്. പക്ഷേ, വിശാഖം അക്കൂട്ടത്തിൽ പെടില്ല എന്നൊരു തോന്നൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെപ്പോഴോ ഉടലെടുക്കുകയും, ഓരോ ദിവസം ചെല്ലുന്തോറും ബലപ്പെടുകയും ചെയ്തിരുന്നു. യുക്തിയ്ക്കു നിരക്കാത്ത, ഉള്ളിൽ നിന്നു സ്വയമേവ ഉടലെടുത്ത ഒരു തോന്നൽ. കാമാഠിപുരയിലെ ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിൻ എന്ന ബോർഡിന്നടുത്തു തന്നെയുള്ള, കമ്പിവലയടിച്ച ഒന്നാംനിലയുള്ള പഴയ കെട്ടിടത്തിലെ, ജീവിതം വഴിമുട്ടി നിൽക്കുന്ന അന്തേവാസികളിൽ ഒരാളാണെങ്കിലും ചെന്നു ക്ഷണിയ്ക്കുമ്പോഴേയ്ക്ക് ഇറങ്ങിവരുന്ന കൂട്ടത്തിലല്ല വിശാഖം എന്നൊരു തോന്നൽ മാത്രമല്ല, ഭയം തന്നെയുണ്ടായിരുന്നു.
രണ്ടു കോടിയോളം വരുന്ന മുംബൈ ജനതയുടെ കാൽച്ചുവട്ടിലായിരുന്നു വിശാഖത്തിന്റെ ജീവിതം. കൈ നീട്ടിയാൽ സ്പർശിയ്ക്കാവുന്ന അകലം മാത്രമേ ജനവും വിശാഖവും തമ്മിലുണ്ടായിരുന്നുള്ളു. ചെറിയൊരു തുക മുടക്കിയാൽ വിശാഖത്തിന്റെ ശരീരം രണ്ടു കോടി മുംബൈ ജനതയ്ക്കു അൽപ്പസമയത്തേയ്ക്ക് സ്വന്തം. അവരിലൊരാളായാൽ ആ ശരീരം അൽപ്പനേരത്തേയ്ക്ക് തനിയ്ക്കും സ്വന്തമാകുമായിരുന്നു, ഒരു ദിവസമങ്ങനെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
അവിടെയാണു കുഴപ്പം. തനിയ്ക്ക് വിശാഖത്തിന്റെ ശരീരം മാത്രം പോരാ. അതിനുമപ്പുറം എന്തൊക്കെയോ കൂടി വേണം. അതിനെ ഹൃദയമെന്നോ, മനസ്സെന്നോ, ആത്മാവെന്നോ എന്തുതന്നെ വിളിച്ചാലും, അതു കൂടി തനിയ്ക്കു സ്വന്തമായിക്കിട്ടണം. അവളുടെ ശരീരവും മനസ്സും ആത്മാവുമെല്ലാം. അവൾ തന്റേതു മാത്രമാകണം. ഏതാനും മണിക്കൂർ നേരത്തേയ്ക്കോ, ഏതാനും ദിവസത്തേയ്ക്കോ അല്ല, ഒരു മനുഷ്യായുസ്സു മുഴുവനും അവൾ തന്റേതായിരിയ്ക്കണം. പുനർജ്ജന്മങ്ങളുണ്ടെങ്കിൽ അവയിലും.
ഇത് അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല എന്നു വ്യാഖ്യാനിയ്ക്കണമെങ്കിൽ വ്യാഖ്യാനിച്ചോളു. ഏതാനും വർഷങ്ങളായി ചുവന്നതെരുവിൽ, ജനതയുടെ കാൽച്ചുവട്ടിൽ കഴിയുന്ന ഒരു വനിതയുടെ ശരീരവും അതോടൊപ്പമുള്ള ബോധമനസ്സും അതിൽ ആത്മാവുണ്ടെങ്കിൽ അതുമെല്ലാം ഒരാളുടേതു മാത്രമാകണമെന്ന ഉൽക്കടമായ ആഗ്രഹം അത്യാഗ്രഹമാണെങ്കിൽ അത്തരമൊരു അത്യാഗ്രഹിയായിത്തീർന്നിട്ട് കുറച്ചു നാളായി. തന്നെയുമല്ല, ആ ആഗ്രഹപൂർത്തീകരണത്തിന്നായി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറായാണ് ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നത്.
വിശാഖത്തെ കാമാഠിപുരയിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുവരുമ്പോൾ വിശാഖം ‘മാ’ എന്നു വിളിച്ചിരുന്ന വനിതയ്ക്ക് എന്തെങ്കിലുമൊരൽപ്പം പണം നൽകേണ്ടി വരുമെന്നു കരുതിയിരുന്നു. വിശാഖത്തിന്റെ വരുമാനത്തിലെ സിംഹഭാഗവും അവർക്കായിരിയ്ക്കാം കിട്ടിക്കൊണ്ടിരുന്നത്. ആ വരുമാനം നിൽക്കാനിട വരുത്തുമ്പോൾ, പകരമായി തക്കതായ നഷ്ടപരിഹാരം അവരാവശ്യപ്പെടും എന്നു കണക്കുകൂട്ടിയിരുന്നു. അവരെത്രയായിരിയ്ക്കാം ആവശ്യപ്പെടാൻ പോകുന്നത്? മനസ്സിലുദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താൻ ശ്രമിച്ചിരുന്നു: അയ്യായിരമോ പതിനായിരമോ ചോദിയ്ക്കുമായിരിയ്ക്കും.
‘മാ’ മാത്രമായിരിയ്ക്കില്ല പണം ആവശ്യപ്പെടാൻ പോകുന്നത്. മുംബൈ നഗരം പോലീസിന്റെയല്ല, അധോലോകത്തിന്റെ നിയന്ത്രണത്തിലാണെന്ന് എവിടെയോ വായിച്ചിരുന്നു. കുറേയൊക്കെ അതിശയോക്തിയായിരിയ്ക്കാം. എന്നാൽ മറ്റെവിടേയുമില്ലെങ്കിലും കാമാഠിപുരയിൽ അവരുണ്ടാകാൻ വഴിയുണ്ട്. അധോലോകത്തിന്റെ കരാളഹസ്തങ്ങളുടെ നീരാളിപ്പിടിത്തത്തിലായിരിയ്ക്കാം വിശാഖവും ജീവിച്ചു പോന്നിരിയ്ക്കുന്നത്. അവയിൽ നിന്നു വിശാഖത്തെ മോചിപ്പിയ്ക്കണമെങ്കിൽ അധോലോകത്തിനും മോചനദ്രവ്യം കൊടുക്കേണ്ടി വന്നേയ്ക്കാം. അധോലോകമെന്നു പറയുമ്പോൾ തുക വലുതാകുമായിരിയ്ക്കും. വലുതെന്നു വച്ചാലെത്ര? ഒരു ലക്ഷം? രണ്ടു ലക്ഷം? വിശാഖത്തിന്റെ പ്രതിദിന കളക്ഷൻ എത്രയുണ്ടായിരുന്നിരിയ്ക്കും? അതിന്നനുസരിച്ചുള്ള തുക മാത്രമല്ലേ ചോദിയ്ക്കാൻ വഴിയുള്ളൂ?
വിശാഖത്തിൽ നിന്നു പണം പറ്റിയിരുന്നവർ അവൾക്കു വേണ്ടി പണം മുടക്കിയിട്ടുണ്ടാകാം. അതെത്രയായാലും അതും അതിന്റെ പലിശയും ലഭിച്ചെങ്കിൽ മാത്രമേ അവർ അവളെ വിട്ടു തരാൻ വഴിയുള്ളു. ആരായിരിയ്ക്കും ആ പണം തന്റെ പക്കൽ നിന്നാവശ്യപ്പെടുക?
ഇങ്ങനെ പോയിരുന്നു, കാമാഠിപുരയിലേയ്ക്ക് ഒടുവിൽ രണ്ടും കൽപ്പിച്ചെത്തുന്നതിനു മുൻപുണ്ടായിരുന്ന കണക്കുകൂട്ടലുകൾ. കണക്കുകൾ തെറ്റാം. പക്ഷേ, കണക്കുകളെപ്പറ്റി തീരെ ആശങ്കയില്ല. ‘മൂക്കു പിഴിഞ്ഞാൽ പതിനായിരം രൂപ കിട്ടും’ എന്ന് ഒരു വിനോദഭാവനയിൽ വായിച്ചതോർമ്മയുണ്ട്. തന്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. വിശാഖത്തിനെ സ്വന്തമാക്കാൻ വേണ്ടി ലക്ഷങ്ങൾ കൊടുക്കാനും ബുദ്ധിമുട്ടില്ല. വേണ്ടി വന്നാൽ ലക്ഷമല്ല, കോടിയും കൊടുക്കാം.
പക്ഷേ, തന്റെ മുന്നിലുയരാൻ വഴിയുള്ള കടമ്പകളിൽ ഏറ്റവും ഉയരത്തിലുള്ളത് അധോലോകമോ പണക്കുറവോ അല്ല, വിശാഖം തന്നെയായിരിയ്ക്കും എന്നായിരുന്നു, ഭീതി. അവളിറങ്ങിപ്പോരുകയില്ലെന്ന് മനസ്സിലിരുന്നാരോ മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു.
കാമാഠിപുരയിൽ നിന്നു വിശാഖത്തേയും കൊണ്ട് നേരേ ഈസ്റ്റ് അന്ധേരിയിലെ ഹ്യാട്ട് റീജൻസിയെന്ന ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക്. വിസ ശരിയാകാൻ ഒരല്പം താമസമുണ്ടായേയ്ക്കാം. അതു ശരിയായ ഉടൻ ബ്രിട്ടീഷ് എയർവേയ്സിന്റെ ജംബോ ജെറ്റു വിമാനത്തിൽ. ആദ്യം ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിൽ. അവിടുന്ന് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി എയർപോർട്ടിൽ. തുടർന്ന് സിലിക്കൺ വാലിയിലെ സാന്യോസെ എയർപോർട്ടിൽ. മിനിറ്റുകൾക്കുള്ളിൽ നെവാർക്കിലെ മൾബറി സ്ട്രീറ്റിൽ സ്വന്തമായുള്ള എയർക്കണ്ടീഷൻഡ് അപ്പാർട്ട്മെന്റിൽ. ഇതൊക്കെയായിരുന്നു നിരവധി തവണ ആലോചിച്ചുറച്ചിരുന്ന പ്ലാനുകൾ.
ജീവിതപരിതസ്ഥിതികളിൽ ഇത്രയും വലിയ മാറ്റങ്ങൾ ഏതാണ്ട് കണ്ണുചിമ്മിത്തുറക്കുന്ന വേഗതയിൽ സംഭവിയ്ക്കുമ്പോൾ അവയുൾക്കൊള്ളാനും അവയ്ക്കൊപ്പം മുന്നോട്ടു നീങ്ങാനും കഴിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടാകാം. അവർക്കതിനു കഴിയാത്തത് കഴിവുകേടു കൊണ്ടായിരിയ്ക്കും. കഴിവില്ലെങ്കിലതു മനസ്സിലാക്കാം. എല്ലാവർക്കും അതിനുള്ള കഴിവുണ്ടാകണമെന്നുമില്ല. പക്ഷേ, കഴിവുണ്ടായിട്ടും അതിനു തയ്യാറാകാത്തവരുണ്ടാകുമോ? വിരളമായി ഉണ്ടാകുമായിരിയ്ക്കാം. വിശാഖം അക്കൂട്ടത്തിൽ പെടാൻ വഴിയുണ്ടെന്നു മനസ്സു പറഞ്ഞിരുന്നു.
ഫോക്ക്‌ലന്റ് റോഡിലെ ഫിഫ്ത്ത് ലെയിൻ എന്ന ബോർഡിനടുത്തുള്ള ആ വാതിലിനു മുന്നിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരുച്ചസമയത്തെത്തുമ്പോൾ അതു തുറന്നു കിടന്നിരുന്നു. റോഡും പരിസരവും വിജനമായിരുന്നു. രണ്ടു വർഷം മുൻപൊരു ദിവസം ഒരു മദ്ധ്യവർത്തിയെ അനുഗമിച്ചുകൊണ്ട് ഇതേ വാതിലിലൂടെ അകത്തേയ്ക്കു കയറുന്ന നേരത്ത് വാതിലിനു മുൻപിൽ വനിതകൾ നിന്നിരുന്നു, അവർ ആൾത്തിരക്കുള്ള റോഡിലൂടെ പോയിരുന്ന വഴിപോക്കരെ ആകർഷിയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. അന്നത്തെ സന്ദർശനം രാത്രിയിലായിരുന്നു. ഇരുട്ടു പരക്കുമ്പോഴായിരിയ്ക്കും ഇവിടം ഉണർന്നെഴുന്നേൽക്കുന്നത്. പകൽ നിർജ്ജീവം.
വാതിലിലൂടെ അകത്തു കടന്നപ്പോൾ ഇരുട്ടു നിറഞ്ഞ ഇടനാഴി. കൊച്ചുകൊച്ചു മുറികൾ. ഇടനാഴിയിൽ ആരേയും കണ്ടില്ല. ശബ്ദവും കേട്ടില്ല. വാതിലുകൾ അടഞ്ഞിരിയ്ക്കുന്നു. ഈ മുറികളിൽ ഏതോ ഒന്നിനകത്ത് വിശാഖമുണ്ട്. രണ്ടു വർഷം മുൻപ് അവളുമായി കണ്ടുമുട്ടിയ മുറി എവിടെയെന്ന് കൃത്യമായി ഓർക്കുന്നില്ല. ഇടനാഴിയിലൂടെ അല്പം നടന്ന ഓർമ്മയേ ഉള്ളു. എങ്കിലും നേരിട്ട് ഉൾഭാഗത്തേയ്ക്ക് കടക്കാൻ സങ്കോചം തോന്നി.
അകത്തെവിടെയോ വിശാഖമുണ്ട്. ക്ഷമിച്ചിരിയ്ക്കാനായില്ല. ആദ്യത്തെ വാതിലിൽ തന്നെ മുട്ടി. തുറന്നില്ല. അടുത്ത മുറിയിൽ മുട്ടി. അവിടേയും അനക്കമില്ല. മുറികൾക്കുള്ളിൽ ആരുമില്ലെന്നു തോന്നി. ഇടനാഴിയിലൂടെ ഉള്ളിലേയ്ക്കു ചെന്നു. രണ്ടു വർഷം മുൻപ് വിശാഖത്തെ കണ്ട മുറി ഏതായിരുന്നെന്ന് ഓർക്കാൻ ശ്രമിച്ചു. നേരിയ ഓർമ്മയെ ആശ്രയിച്ചുകൊണ്ട് ഒരു മുറിയുടെ വാതിലിൽ മുട്ടി. രണ്ടു മൂന്നു തവണ മുട്ടിയപ്പോൾ വാതിൽ തുറന്നു. അൽപ്പം തുറന്ന വാതിലിന്നിടയിലൂടെ ഒരു സ്ത്രീ ഉറക്കച്ചടവോടെ ചോദിച്ചു, “ക്യാ ഹെ?” പരുഷസ്വരം. വിശാഖമല്ല. വിശാഖത്തിന്റെ സ്വരം പരുഷമല്ല.
“വിശാഖം സെ മിൽനാ ഹെ.” വിശാഖത്തെ കാണണം.
“അരേ സാബ്. അഭി നഹി. ശാം കോ ആയിയേ.” ഇപ്പോഴല്ല. പോയിട്ട് വൈകുന്നേരം വരിക. വൈകുന്നേരം വരെ ക്ഷമിച്ചിരിയ്ക്കാൻ പറ്റാത്തൊരു മാന്യൻ എന്നൊരു പരിഹാസം മുഖത്ത്.
“ബഹൻജി, മേ കസ്റ്റമർ നഹി ഹൂം. മുജേ വിശാഖം സെ മിൽനാ ഹെ. വിശാഖം കഹാം ഹെ?” സഹോദരീ, ഞാൻ കസ്റ്റമറല്ല. എനിയ്ക്ക് വിശാഖത്തെ കാണണം. എവിടെയാണ് വിശാഖം?
“വിച്ചാഗം? കോൻ വിച്ചാഗം? മേ കൈസേ ജാനൂം? ഇധർ കയ്യീ ലോഗ് ആത്തീ ഹെ ജാത്തീ ഹെ. മേ കോയി വിച്ചാഗം കോ നഹി ജാൻതി. സരാ സോനേ ദോ, ഭായി!” അവർ വാതിലടച്ചു. നിങ്ങളുടെ വിശാഖത്തെ എനിയ്ക്കെങ്ങനെ അറിയാൻ പറ്റും. ഇവിടെ ഒരുപാടുപേർ വരുന്നു, പോകുന്നു. എനിയ്ക്കൊരു വിശാഖത്തിനേയും അറിയില്ല. ഒന്നുറങ്ങാനനുവദിയ്ക്ക്.
നിശ്ശബ്ദത. എന്തു ചെയ്യണം? പെട്ടെന്നൊരു തോന്നലുണ്ടായി.
“വിശാഖം...” ഇടനാഴിയുടെ അറ്റത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു. വിളി ഇടനാഴിയിലാകെ മുഴങ്ങി. ആ കെട്ടിടത്തിൽ എവിടെയെങ്കിലും വിശാഖമുണ്ടെങ്കിൽ അവൾ കേൾക്കണം. അവൾ പുറത്തു വരണം. “വിശാഖം...” ശബ്ദം ഉയർത്തി വീണ്ടും വിളിച്ചു.
വിളിയുടെ മാറ്റൊലികളടങ്ങിയപ്പോൾ ഇടനാഴിയുടെ അറ്റത്തെ അരണ്ട വെളിച്ചത്തിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു. നരച്ച മുടി. “ക്യാ ബാത്ത് ഹെ?” എന്താ കാര്യം.
“മേ വിശാഖം കാ ദോസ്ത് ഹൂം. ഉസ് സേ മിൽനാ ഹെ. വോ കഹാം ഹെ?”
സ്ത്രീരൂപം ഒരു നിമിഷം ആലോചനയിൽ മുഴുകി.
“വിശാഖം. വി...ശാ...ഖം. ദോ സാൽ പെഹലേ വോ യഹിം ഥി.” രണ്ടു വർഷം മുൻപ് അവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. വിശദീകരിച്ചു കൊടുത്തു.
“ബിസാ. ഉസ്കോ പെഹച്ചാനോഗേ?” വിശാഖമല്ല. ബിസാ. അവളെ കണ്ടാൽ തിരിച്ചറിയുമോ.
“സരൂർ.” ഉള്ളു പിടച്ചു. വിശാഖവുമായി വീണ്ടും കണ്ടുമുട്ടാൻ പോകുന്നു. നീണ്ട രണ്ടു വർഷത്തിനു ശേഷം. താൻ വീണ്ടും വരുമെന്ന് അവൾ സങ്കൽപ്പിരുന്നുവോ ആവോ. താൻ വരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു കാണുമോ. തന്നെ അവൾ പ്രതീക്ഷിയ്ക്കുന്നുണ്ടാകുമോ.
സാദ്ധ്യത കുറവായിരിയ്ക്കും. തന്നെ അവൾ ഓർക്കുന്നുപോലുമുണ്ടാവില്ല. എത്ര പേർ ഇതിന്നിടയിൽ അവളുടെ അടുത്തു വന്നു പോയിട്ടുണ്ടാകും. ചിലർ വീണ്ടും വീണ്ടും വന്നിട്ടുണ്ടാകും. ചിലർ പതിവുകാരായുണ്ടായിരുന്നിരിയ്ക്കും. അവരെ അവൾ ഓർത്തിരിയ്ക്കുന്നുമുണ്ടാകും. താനാകട്ടെ ഒരൊറ്റ ദിവസം മാത്രമേ വന്നിട്ടുള്ളു, ഏതാനും മണിക്കൂർ മാത്രമേ തമ്മിൽ കണ്ടിട്ടുള്ളു. ഓർത്തിരിയ്ക്കാൻ തക്ക സംഭവങ്ങൾ ആ മണിക്കൂറുകൾക്കിടയിൽ നടന്നെങ്കിലും, ഓർമ്മകളെയെല്ലാം മറവി കൊണ്ടു പുതപ്പിയ്ക്കാൻ തക്ക ദീർഘമായ കാലമാണു രണ്ടു വർഷം. അവളോർമ്മിയ്ക്കുന്നുണ്ടോ എന്നു കണ്ടറിയണം. മനസ്സു താക്കീതു നൽകി.
മറ്റാരെങ്കിലും വന്ന്, വിശാഖത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, അവളെ കൈവശപ്പെടുത്തിക്കഴിഞ്ഞു കാണുമോ? മനസ്സിലൊരു ഭീതി ഇഴഞ്ഞുകയറി.
വിശാഖം ഇവിടെത്തന്നെയുണ്ടെങ്കിൽ അവളെ നിമിഷങ്ങൾക്കുള്ളിൽ കാണും. അവളുടെ മുൻപിൽ മുട്ടിന്മേൽ നിന്ന്, അവളുടെ കൈ പിടിച്ച് നെഞ്ചിൽ വച്ചുകൊണ്ടു പറയണം: വിശാഖം, നീ എന്റെ കൂടെ വരണം. ആജീവനാന്തം എന്റേതായി. വരില്ലേ?
അവൾ വരാതിരിയ്ക്കില്ല.
“ആ ജാ.” സ്ത്രീ വിളിച്ചു. വഴികാണിച്ചുകൊണ്ട് അവർ മെല്ലെ മുന്നിൽ നടന്നു. അവരുടെ പിറകേ പോയി. പൊടിപിടിച്ച മാറാല നിറഞ്ഞ ഒരു കോണിച്ചുവട്ടിലെത്തിയപ്പോൾ അവർ നിന്നു. കോണിച്ചുവട്ടിലെ ഒരു പഴന്തുണിക്കൂട്ടത്തെ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു, “ബിസാ.”
ഒന്നും മനസ്സിലാകാതെ താൻ തുറിച്ചുനോക്കി നിന്നപ്പോൾ അവർ എവിടുന്നോ ഒരു മെഴുകുതിരി തപ്പിയെടുത്തു കത്തിച്ചു. മെഴുകുതിരി വെളിച്ചത്തിൽ അൽപ്പസമയം സൂക്ഷിച്ചു നോക്കിയതിനു ശേഷമാണ്, കോണിച്ചുവട്ടിലുള്ളത് പഴന്തുണിക്കൂട്ടമല്ല, പഴന്തുണി പുതച്ചിരിയ്ക്കുന്ന ഒരു മനുഷ്യരൂപമാണെന്നു മനസ്സിലായത്.
“ഇസ്കോ പെഹച്ചാൻതേ ഹോ?” ഇവളെ തിരിച്ചറിയുന്നുണ്ടോ?
ഈ കിടക്കുന്നതോ വിശാഖം! ശരീരമാസകലം വിറയൽ ബാധിച്ചു. മുനിഞ്ഞു കത്തുന്ന മെഴുകുതിരി കൈയ്യിൽ വാങ്ങി. ചരിഞ്ഞ് ചുരുണ്ടുകൂടി കിടക്കുന്ന രൂപത്തിന്റെ മുഖത്തേയ്ക്ക് മെഴുകുതിരിവെളിച്ചം വീഴ്ത്തി. മെഴുകുതിരി പിടിച്ച കൈ വിറച്ചു. ശ്വാസമടക്കിപ്പിടിച്ചു. ഒരു നിമിഷം കണ്ണടച്ചു പിടിച്ചു. കാഴ്ച എന്തുതന്നെയായാലും അതിനെ നേരിടാനുള്ള ധൈര്യം ശേഖരിച്ചു.
കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച്ച ! ഒന്നേ നോക്കിയുള്ളു, മുഖം തിരിച്ചുകളയേണ്ടി വന്നു!
കാണാൻ പറ്റിയ ശരീരഭാഗങ്ങളിലെല്ലാം പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങൾ. കവിളുകളിലും ചുണ്ടുകളിലുമെല്ലാം വ്രണങ്ങൾ. അടഞ്ഞിരിയ്ക്കുന്ന കണ്ണുകൾ കുഴിയിലാണ്ടിരിയ്ക്കുന്നു. അവയിൽ നിന്നു പീളയൊഴുകിയുണങ്ങിയിരിയ്ക്കുന്നു. ഒട്ടിയ കവിളുകൾ. പഴന്തുണിയിലൂടെ ഉന്തിനിൽക്കുന്ന തോളെല്ലും കൈമുട്ടും എല്ലുകൾ മാത്രമെന്നു വ്യക്തമായിരുന്നു. ഏകദേശം നിശ്ചലമായ ശരീരം. ജീവനുണ്ടോ!
വീണ്ടും പഴന്തുണിയിലെ രൂപത്തെ നോക്കി. അവിശ്വസനീയത തോന്നി. ഇതെങ്ങനെ വിശാഖമാകും? മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു. വിശാഖം തന്നെയാണോ, ഇത്? തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു, മുഖം.
ചുരുണ്ട തലമുടിയാണ് ആദ്യം തിരിച്ചറിഞ്ഞത്. പൊടിയുടെ നേരിയ ആവരണത്തിലൂടെ ചുരുണ്ടമുടിയ്ക്ക് വലിയ കോട്ടം സംഭവിച്ചിട്ടില്ലെന്ന് മെഴുകുതിരി വെളിച്ചത്തിലും കണ്ടു. രണ്ടു വർഷം മുൻപ് ആ ചുരുണ്ട തലമുടിയിൽ നിരവധി തവണ വിരലുകളോടിച്ചിരുന്നു.
ആ തിരിച്ചറിവ് ശിരസ്സിന്റെ പുറകിൽ നിന്ന് മുഖത്തേയ്ക്കു മെല്ലെ വ്യാപിച്ചു. ഇതു വിശാഖം തന്നെ. ആ തിരിച്ചറിവുണ്ടായപ്പോഴായിരിയ്ക്കണം താൻ നേരിയ ശബ്ദത്തോടെ കരയാൻ തുടങ്ങിയത്.
വിശാഖത്തെ കാണിച്ചുതന്ന സ്ത്രീ ചോദിച്ചു, “പെഹച്ചാൻ ലിയാ?” സ്വരത്തിൽ ആകാംക്ഷ.
ശബ്ദിയ്ക്കാനാകാതെ, കണ്ണുനീരിന്നിടയിലൂടെ അവരെ നോക്കി.
മനസ്സിൽ ഭീതിയുണർന്നു. ജീവനുണ്ടോ ഇല്ലയോ?
മെഴുകുതിരി മുഖത്തോടടുപ്പിച്ചു പിടിച്ചു. ശ്വാസമുണ്ടോ എന്നറിയാൻ മുഖം മുഖത്തോടടുപ്പിച്ചു. ദുർഗന്ധം മൂക്കിൽ കയറി. ചെവി മൂക്കിനോടടുപ്പിച്ചു പിടിച്ചു. അലസമായ ശ്വാസോച്ഛ്വാസത്തിന്റെ ചെറു കുറുകുറാ ശബ്ദം ഇടയ്ക്കിടെ കേൾക്കാനായി. ഉച്ഛ്വാസവായു ഇടയ്ക്കിടെ ചെവിയിൽ തട്ടി.
ജീവനുണ്ട്.
വിശാഖത്തെ വളരെ മുൻപേ തന്നെ രക്ഷിയ്ക്കാൻ തനിയ്ക്കാകുമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നതു തെറ്റ്. സ്വയം കുറ്റപ്പെടുത്തി. താൻ രണ്ടു വർഷം വൈകിയിരിയ്ക്കുന്നു.
എന്താണിനി ചെയ്യുക. ആലോചിച്ചു.
അത്ഭുതമെന്നോണം ആ നിമിഷം അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. “ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.” അമ്മയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി. അമ്മയുടെ സ്വരത്തിലെ ശക്തി തനിയ്ക്കു കെല്പു പകർന്നു. ധൈര്യം കിട്ടി.
“അമ്മേ, രക്ഷിയ്ക്കണേ.” പ്രാർത്ഥന ഉറക്കെയായിരുന്നു.
പറഞ്ഞതെന്തെന്നു മനസ്സിലായില്ലെന്ന മട്ടിൽ സ്ത്രീ നോക്കി. മെഴുകുതിരി അവരുടെ കൈയ്യിൽ കൊടുത്തു. പഴന്തുണിയിലെ രൂപത്തെ പഴന്തുണിയോടെ കോരിയെടുത്തു. നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടെഴുന്നേറ്റു.
സ്ത്രീ സ്തബ്ധയായി നോക്കി നിന്നു.
ഇടനാഴിയിലൂടെ സൂക്ഷിച്ച്, മെല്ലെ നടന്നു. മുൻപ് അടഞ്ഞു കിടന്നിരുന്ന ഏതാനും വാതിലുകൾ അതിനിടയിൽ തുറന്നിരുന്നു. ചില വനിതകൾ നോക്കുന്നുണ്ടായിരുന്നു. അവരിലാരോ ആയിരിയ്ക്കണം എന്തിനീ പാഴ്വേല ചെയ്യുന്നു എന്നു ചോദിച്ചത്. ചോദ്യം ചോദിച്ചതല്ലാതെ ആരും വഴി തടഞ്ഞില്ല. വിശാഖത്തേയും കൊണ്ട് പകൽ വെളിച്ചത്തിൽ റോഡിലിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴും, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അധോലോകഭീകരരാരും വന്നു തടഞ്ഞില്ല.
മരണവക്ത്രത്തിലെത്തിയിരിയ്ക്കുന്ന, വ്രണങ്ങൾ മൂടിയ മനുഷ്യശരീരം ആർക്കും ആവശ്യമില്ല. അതിനു വിലയില്ല. അതൊരു ഭാരമാണ്. അതെങ്ങനെയെങ്കിലും ചുമലിൽ നിന്ന് ഒഴിവായിക്കിട്ടിയാൽ അത്രയും നന്ന്.
ആ അനവസരത്തിലും വിചിത്രമായ ഒരാശ്വാസം തോന്നി. വിശാഖം തന്റേതായിരിയ്ക്കുന്നു. കടക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നു ഭയന്നിരുന്ന കടമ്പകൾ കേവലം സാങ്കൽപ്പികം മാത്രമായിരുന്നെന്നു തെളിഞ്ഞിരിയ്ക്കുന്നു.
ഇനി ഏതു വിധേനയും രക്ഷിച്ചെടുക്കണം. ഈ എല്ലിൻ കൂടിനകത്ത് ജീവശ്വാസക്കുറവുണ്ടെങ്കിൽ ജീവശ്വാസം ഊതിക്കയറ്റണം. അവളെ ജീവിപ്പിയ്ക്കണം.
നടക്കുന്നതിന്നിടയിൽ രോഗിണിയുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ഛ്വാസവായു ഇടയ്ക്ക് മുഖത്തേറ്റപ്പോൾ രോഗം പകരുമെന്ന ഭീതിയല്ല, രോഗിണിയ്ക്കു ജീവനുണ്ടല്ലോ എന്ന ആശ്വാസമാണു തോന്നിയത്. ജീവന്റെ മറ്റടയാളങ്ങളൊന്നും ദൃശ്യമായിരുന്നില്ല. ഒരിയ്ക്കൽപ്പോലും കണ്ണുകൾ തുറന്നില്ല. മരണത്തിൽക്കുറഞ്ഞ മോചനങ്ങളൊന്നും തനിയ്ക്കു വേണ്ട എന്നു വിശാഖവും തീരുമാനിച്ച പോലെ തോന്നി.
ആദ്യം നിർത്തിയ പല ടാക്സികളും രോഗിണിയുടെ ബീഭത്സാവസ്ഥ കണ്ടപ്പോൾ ഒന്നും പറയാതെ പൊയ്ക്കളഞ്ഞു. ഒടുവിൽ നരച്ചുനീണ്ട താടിയുള്ളൊരു സർദാർജി ദയവു കാണിച്ചു. ടാക്സി നിർത്തി, ഇറങ്ങി വന്ന് പുറകിലെ ഡോർ തുറന്നു പിടിച്ചു തന്നു. കാർ സ്റ്റാർട്ടു ചെയ്യുന്നതിനു മുൻപ് പുറകിലേയ്ക്കു തിരിഞ്ഞ് തന്നെ നോക്കി ആശ്വസിപ്പിച്ചു, “രോനാ മത് ഭായി. സബ് ഠീക് ഹോ ജായെഗാ.” കരയണ്ട, എല്ലാം ശരിയാകും.
രോഗിണിയെ മടിയിൽ കിടത്തി. ഇടത്തുകൈ നിലത്തു വീഴാതെ സൂക്ഷിച്ചു. പൊട്ടിയൊലിയ്ക്കുന്ന വ്രണങ്ങളുള്ള ശരീരഭാഗങ്ങളിൽ പല തവണ സ്പർശിയ്ക്കേണ്ടി വന്നു. ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാർഡിൽ നിന്ന് അൽപ്പമകന്ന മറ്റൊരു മുറിയിൽ, പ്രത്യേകമൊരുക്കിയ ബെഡ്ഡിൽ താത്കാലികമായി കിടത്തുന്നതു വരെ രോഗിണി നെഞ്ചോടു ചേർന്നിരുന്നിരുന്നു. രോഗം പകരാൻ മതിയായതിനേക്കാൾ പലമടങ്ങ് അധികസ്പർശം ഉണ്ടായിക്കഴിഞ്ഞു കാണണം.
രോഗിണിയെ എത്രത്തോളം സ്പർശിച്ചിട്ടുണ്ടാകാം എന്നു ചോദിച്ചറിഞ്ഞ ശേഷം ആദ്യദിവസം തന്നെ രക്തപരിശോധന നടത്തണമെന്നു ഡോക്ടർ കൽപ്പിച്ചിരുന്നു. രോഗിണി രോഗവിമുക്തയാകുന്നതു വരെ രോഗിണിയെ സ്പർശിച്ചുകാണാൻ സാദ്ധ്യതയുള്ളവരെല്ലാം ഇടയ്ക്കിടെ രക്തപരിശോധന നടത്തിക്കൊണ്ടിരിയ്ക്കണം. രോഗബാധയുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.
അതനുസരിച്ച് രക്തപരിശോധനയ്ക്കു വിധേയനായിക്കൊണ്ടിരിയ്ക്കുന്നു. രോഗബാധ ഇതുവരെയുണ്ടായിട്ടില്ല. പക്ഷേ, മാസങ്ങൾ കഴിഞ്ഞ്, തികച്ചും അപ്രതീക്ഷിതമായാകാം, രോഗത്തിന്റെ താഡനം ഏൽക്കുന്നത്. ഇടയ്ക്കിടെയുള്ള രക്തപരിശോധന ഒരിയ്ക്കലും മുടക്കാൻ പാടില്ല.
രോഗിണിയെ സ്പർശിച്ചുപോകരുത് എന്ന ഡോക്ടറുടെ സുഗ്രീവാജ്ഞ ന്യായീകരിയ്ക്കത്തക്കതു തന്നെ.
പക്ഷേ, വിശാഖത്തെ കൈകളിൽ കോരിയെടുക്കാൻ ദാഹിയ്ക്കുന്നു. ശരീരത്തോടു ചേർത്തു പിടിച്ച്, കണ്ണുകളിലേയ്ക്കുറ്റു നോക്കിക്കൊണ്ടു പറയണം, “വിശാഖം നിന്റെ കഷ്ടപ്പാടുകളൊക്കെ തീർന്നിരിയ്ക്കുന്നു. ഇനി നിന്റെ സുവർണ്ണകാലം.”
നാനൂറ്റിനാൽപ്പത്തിനാലിന്റെ വാതിൽ തുറന്നു. നഴ്സ് ക്ഷണിച്ചു: “അന്തർ ആയിയേ, സർ.” നഴ്സ് ഒരു വശത്തേയ്ക്ക് ഒതുങ്ങി നിന്നു. സ്വാഗതം.
വർഷങ്ങൾക്കു മുൻപ് സിലിക്കൺ വാലിയിലെ ഡെൽ കമ്പ്യൂട്ടറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഓഫീസിൽ ജോയിൻ ചെയ്തപ്പോൾപോലും തോന്നിയിട്ടില്ലാത്തൊരു വിറയൽ ഉള്ളിലുണ്ടായി.
പ്രിയപ്പെട്ട ഒരു ജീവനെ രക്ഷിച്ചെടുത്തിരിയ്ക്കുന്നു. ഇനി അതിനുള്ളിലെ ആത്മാവിനെ സ്വന്തമാക്കുക കൂടി വേണം. ദൃഢനിശ്ചയം ഒന്നുകൂടി ദൃഢമായി.
എവിടുന്നോ ഒരന്ധവിശ്വാസം ഓടിയെത്തി ചെവിയിൽ മന്ത്രിച്ചു: ‘വലതുകാൽ വച്ചു കയറുക‘. അനുസരിച്ചു. എല്ലാ നല്ല നിർദ്ദേശങ്ങളും അനുസരിയ്ക്കാൻ തയ്യാർ. അന്ധവിശ്വാസമായാലും വേണ്ടില്ല. ജീവിതത്തിനു വീണ്ടും അർത്ഥമുണ്ടാക്കാനുള്ള സംരംഭത്തിനാണു തുടക്കമിട്ടു കഴിഞ്ഞിരിയ്ക്കുന്നത്. സംരംഭം അബദ്ധവുമാകാം. ചരിത്രത്തിൽ അധികമാരും ചെയ്തിട്ടില്ലായിരിയ്ക്കാം. എങ്കിൽപ്പോലും അതു തുടരുക തന്നെ. അതിൽ പരാജയപ്പെടാൻ പാടില്ല.
“ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിലത് നേരേ ചൊവ്വേ ചെയ്യണം.” അമ്മയുടെ വാക്കുകൾ വീണ്ടും സ്മരിച്ചു. വലതുകാൽ വച്ചു കയറി.
എയർ കണ്ടീഷൻഡ് മുറി. സുഖശീതളമായ അന്തരീക്ഷം. വെനീഷ്യൻ ബ്ലൈൻഡിട്ട വലിയൊരു ജനൽ. ജനലിൽ നിന്ന് അൽപ്പമകലെയായി ഉയരമുള്ള കട്ടിൽ. കട്ടിലിന്റെ ഒരു വശത്ത് ഐവി സ്റ്റാന്റ്, മറുവശത്ത് ഇൻഫ്യൂഷൻ പമ്പ്. പുറകിൽ പല പല ഉപകരണങ്ങൾ, മോണിറ്ററുകൾ, കമ്പ്യൂട്ടർ. കിടയ്ക്കയ്ക്കു കുറുകെ ഒരു ഓവർബെഡ് ടേബിൾ.
കട്ടിലിൽ രോഗിണിയുടെ ശിരസ്സൊഴികെ, ശരീരം മുഴുവൻ വെളുത്ത പുതപ്പിന്റെ മൃദുലമായ മടക്കുകൾ കൊണ്ടു മൂടിയിരിയ്ക്കുന്നു. ശിരസ്സു മാത്രം കാണാം. ചുരുണ്ടമുടി തലയണയുടെ പുറകിലേയ്ക്കിട്ടിരിയ്ക്കുന്നു.
ആ ചുരുണ്ട മുടിയാണ് അടയാളം. രണ്ടു വർഷമായി ഈ ചുരുണ്ടമുടി മനസ്സിലുണ്ട്. അൽപ്പമൊന്നു ചെമ്പിച്ചതൊഴിച്ചാൽ ചുരുണ്ട മുടിയ്ക്ക് - അതിനു മാത്രം - വലിയ ആപത്തു സംഭവിച്ചിട്ടില്ല. കാമാഠിപുരയിലെ കോണിച്ചുവട്ടിലെ ഇരുട്ടിൽ ആളെ തിരിച്ചറിയാൻ സഹായകമായത് ഈ ചുരുണ്ട മുടിയാണ്.
ചുരുണ്ട മുടിയോടൊപ്പം മറ്റൊന്നു കൂടി മനസ്സിൽ മായാതെ നിലനിന്നിരുന്നു: ആ കണ്ണുകൾ. എന്താണെന്നറിയില്ല. ആ കണ്ണുകളിൽ അവാച്യമായൊരു കാന്തികശക്തി അനുഭവപ്പെട്ടിരുന്നു. ആ കണ്ണുകളിൽ നിന്നുള്ള നോട്ടത്തിൽ എന്തൊക്കെയാണ് അടങ്ങിയിരുന്നത്? സ്നേഹം, കരുണ, ശാന്തി...മറ്റൊരു നോട്ടത്തിലും ഇത്രത്തോളം ആർദ്രതയും സ്നേഹവും കരുണയും ഉള്ളതായി തോന്നിയിട്ടില്ല. മുംബൈയിലെ ചുവന്നതെരുവിൽ ഇത്തരം മാസ്മരികതയുള്ള കണ്ണുകളുണ്ടാകുമെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല.
രണ്ടു വർഷം മുൻപ് ആ മടിയിൽ കിടന്നുറങ്ങിയ സമയം കണ്ണുകളിലെ സ്നേഹവും കരുണയും അത്ര ശ്രദ്ധിയ്ക്കാതെ പോയി. പക്ഷേ അവ മനസ്സിനുള്ളിലെ ഹാർഡ് ഡിസ്കിൽ കയറിപ്പറ്റിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കണ്ണുകൾ ഇടയ്ക്കിടെ, ഒരു മുന്നറിയിപ്പുമില്ലാതെ, മനസ്സിന്റെ മോണിറ്ററിലേയ്ക്ക് കടന്നു വരാൻ തുടങ്ങി. പിന്നീടവ മോണിറ്ററിൽ സ്ഥിരമായി. എമ്പെഡ്ഡഡ്! പിന്നീടങ്ങോട്ട് ഓരോ മാസം കഴിയുന്തോറും അവ മനസ്സിനെ മോഹിപ്പിച്ചു, കീഴ്പ്പെടുത്തി.
അതങ്ങനെയാണ്. കണ്ടു കഴിഞ്ഞ ചില കാഴ്ചകൾ ദിവസങ്ങൾ കൊഴിയുന്തോറും മങ്ങിക്കൊണ്ടിരിയ്ക്കും. കുറേക്കഴിയുമ്പോൾ അവ വിസ്മരിയ്ക്കപ്പെടുകയും ചെയ്യും. എന്നാൽ ചുരുക്കം ചില കാഴ്ചകൾ കാണുന്ന നിമിഷം ശ്രദ്ധിയ്ക്കപ്പെടില്ല. അവ ഉപബോധമനസ്സിലോ മറ്റെവിടെയെങ്കിലുമോ കയറിക്കൂടി സേവു ചെയ്യപ്പെടുന്നു. നാളുകൾ ചെല്ലുമ്പോൾ അവ ബോധമനസ്സിലേയ്ക്ക് അസുലഭവ്യക്തതയോടെ ചേക്കേറുന്നു. തെളിമ കൂടിക്കൂടി വരുന്നു. മനസ്സിനെ അലട്ടുന്നു.
ഇന്നിപ്പോൾ ആ കണ്ണുകളടഞ്ഞിരിയ്ക്കുന്നു. മെലിഞ്ഞു നീണ്ട കരങ്ങൾ രണ്ടും പുതപ്പിനു പുറത്തുണ്ട്. പുതപ്പു മൂടിയ മാറിടം ശ്വാസോച്ഛ്വാസത്തിന്നനുസരിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യുന്നു. വ്യക്തമായ ശ്വാസോച്ഛ്വാസം. ഒരാഴ്ച മുൻപ്, കാമാഠിപുരയിലെ കോണിച്ചുവട്ടിലെ ഇരുട്ടിൽ, എല്ലുന്തിയ ശരീരത്തിൽ ശ്വാസം അവശേഷിയ്ക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടിയിരുന്നു.
ചിത്രത്തിന് അന്നത്തേക്കാൾ വലുതായ വ്യത്യാസം വന്നിരിയ്ക്കുന്നു. പല വ്രണങ്ങളും ഇനിയും പൊറുക്കാനുണ്ടെങ്കിലും മുഖത്തിനും ചുണ്ടുകൾക്കും വലുതായ മാറ്റം വന്നിരിയ്ക്കുന്നു. ഉന്തിയിരുന്ന കവിളെല്ലുകൾ ഒരല്പം പിൻവലിഞ്ഞിരിയ്ക്കുന്നു. കണ്ണുകളുടെ കുഴികളും അല്പം നികന്നിരിയ്ക്കുന്നു.
മുഖത്ത് അന്നുണ്ടായിരുന്ന ഭീകരത പൂർണ്ണമായും വിട്ടൊഴിഞ്ഞിരിയ്ക്കുന്നു.
ഉള്ളിൽ നിന്ന് ആശ്വാസത്തിന്റേതായ നെടുവീർപ്പ് അറിയാതെ തന്നെ ഉയർന്നു. അവൾ ജീവിയ്ക്കും. ഉറപ്പ്.
രോഗിണി ഉറങ്ങുകയായിരിയ്ക്കണം. ചുവരിന്നടുത്തിട്ടിരിയ്ക്കുന്ന സെറ്റിയിലിരിയ്ക്കാൻ നഴ്സ് കൈകൊണ്ടാംഗ്യം കാണിച്ചു. ഇരിയ്ക്കാൻ തോന്നിയില്ല. ഹൃദയമിടിപ്പോടെ കിടക്കയുടെ അരികിലേയ്ക്കു നീങ്ങി നിന്നു.
ഈ എല്ലിൻ കൂടിനകത്ത് അവളുടെ മാത്രമല്ല, തന്റെ ജീവനുമുണ്ട്. രണ്ടുപേരുടേയും ജീവൻ അതിനുള്ളിലാണുള്ളത്. അവയിലൊന്നു പോയാൽ, മറ്റേതും പോകും. ഈ എല്ലിൻ കൂടിനെ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
നഴ്സ് ഓവർബെഡ് ടേബിൾ പതുക്കെ മാറ്റി. അതിന്റെ നേരിയ ശബ്ദം കേട്ടാകണം, രോഗിണി മെല്ലെ കണ്ണു തുറന്നു.
കണ്ണുകളിൽ നേരിയ ചുവപ്പ്.
ഒരാഴ്ച മുൻപ് ടാക്സിയിൽ വച്ച് കണ്ണുകളിൽ നിന്നൊഴുകിയിരുന്ന പീള തുണികൊണ്ടു തുടച്ചു മാറ്റിയിരുന്നു. ഇന്നു കണ്ണുകളിൽ ചുവപ്പു നിറമുണ്ടെങ്കിലും പീളയില്ല. പകരം ചൈതന്യത്തിന്റെ ലാഞ്ഛന.
രോഗിണിയുടെ ദൃഷ്ടിയിൽ പെട്ടു. രോഗിണി കണ്ണിമയ്ക്കാതെ മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു.
ജീവന്റെ ലക്ഷണമില്ലാത്ത ശരീരം നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് ഫോക്‌ലന്റ് റോഡിലേയ്ക്കു ധൃതിയിൽ നടക്കുമ്പോൾ കുഴിയിലാണ്ട കണ്ണുകൾ ഒരു തവണയെങ്കിലും തുറക്കണേയെന്നു പ്രാർത്ഥിച്ചതോർത്തു. അന്നു തുറക്കാൻ വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ച കണ്ണുകൾ ഇന്നു തുറന്ന് തന്റെ മുഖത്തൂന്നിയിരിയ്ക്കുന്നു.
ജീവിതസാഫല്യം!
വികാരത്തള്ളലിൽ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീരിന്നിടയിലൂടെ ചിരിയ്ക്കാൻ പ്രയാസപ്പെട്ടുകൊണ്ട് കിടയ്ക്കക്കരികിലേയ്ക്കു നീങ്ങി. ഒന്നും ശബ്ദിയ്ക്കാനാകാതെ, കൈയുയർത്തി ചുരുണ്ട മുടിയിൽ സ്പർശിച്ചു.
“ഛുവോ മത്, സർ. ഡോണ്ട് ടച്ച് ഹെർ!” നഴ്സ് മുന്നറിയിപ്പുനൽകി. രോഗിയെ തൊടരുത്.
ശ്രദ്ധിച്ചില്ല. ശിരസ്സിൽ തലോടി.
രോഗിണിയുടെ ചുണ്ടനങ്ങി. പക്ഷേ, ശബ്ദം പുറത്തു വന്നില്ല. എന്തോ പറയാൻ ശ്രമിച്ചതായിരിയ്ക്കണം. ചുണ്ടുകൾ മെല്ലെ വിറച്ചു. ക്ഷീണം കൊണ്ടായിരിയ്ക്കാം, രോഗിണി കണ്ണുകളടച്ചു. കവിളുകളിൽ കണ്ണുനീരിന്റെ തിളക്കം.
അൽപ്പസമയം കഴിഞ്ഞ് രോഗിണി വീണ്ടും കണ്ണു തുറന്നു. മുഖത്തേയ്ക്കു തന്നെ നോക്കിക്കിടന്നു. വീണ്ടും എന്തോ പറയാൻ ശ്രമിയ്ക്കുന്നതു കണ്ടപ്പോൾ രോഗിണിയുടെ മുഖത്തോട് കാതടുപ്പിച്ചു. ക്ഷീണിതശബ്ദം കേട്ടു:
“ഭ്രാന്തുണ്ടോ?”